ഒരു യാത്ര പോകണം.......

ഒരു യാത്ര പോകണം.....

മനുഷ്യജീവന്റെ നശ്വരതയെപ്പറ്റിയുള്ള തിരിച്ചറിവാണ് യാത്രകളോട് ഇത്രയേറെ എന്നെ അടുപ്പിച്ചത്. തിരുവനന്തപുരം മെഡിക്കൽകോളേജ് icu, കണ്മുന്നിൽ നിശ്ചലമായി കിടക്കുന്ന ഒരു ജീവനെ തിരികെ കൊണ്ടുവരാൻ ശ്രമിക്കുന്ന ഒരു കൂട്ടം ആളുകൾ . നാലുവശവും മറകെട്ടിയിരുന്നെങ്കിലും ചലനമറ്റ അബോധാവസ്ഥയിൽ കിടക്കുന്നത് ഒരു പെൺകുട്ടിയാണെന്നും കുറച്ചുനിമിഷങ്ങൾക്കുമുമ്പുവരെ തന്നോടൊപ്പം കളിചിരിയുമായിരുന്ന അവളെ ചലനമറ്റ അബോധാവസ്ഥയിൽ നിന്നും ഉണർത്താൻ ശ്രമിക്കുന്നത് അവളുടെ ഭർത്താവുമാണെന്ന് മനസിലായി . ഉദരത്തിൽ മറ്റൊരു ജീവന്റെ തുടിപ്പുമായി തൊട്ടടുത്ത കിടക്കയിൽ ഏത് നിമിഷവും ആ ഒരു അവസ്ഥയിൽ ആയേക്കാം എന്ന ചിന്ത എന്റെ മനസിനെ വല്ലാതെ അലട്ടുമ്പോഴും നീരിക്ഷണ മുറിക്കുപുറത്തിരിക്കുന്ന അമ്മയുടെ ഇടക്കിടെ ഉള്ള കടന്നുവരവ് ഉയരുന്ന ബി പി ക്കു ചെറിയൊരാശ്വാസമായിരുന്നു. തണുത്തുവിറക്കുന്ന എനിക്ക് സിസ്റ്റർ പുതപ്പുകൾ നൽകി. അന്നേരവും തൊട്ടടുത്തുതന്നെ ഒരു പുതപ്പു പോലും ഇല്ലാതെ കിടക്കുന്ന അവളുടെ അവസ്ഥ എന്നെ വല്ലാതെ വിഷമിപ്പിച്ചു. നിലവിളികൾക്കു വിരാമമിട്ടുകൊണ്ട് പെട്ടെന്ന് തന്നെ കുറെയധികം ഡോക്ടർമാർ വന്നു ആ കുട്ടിയെ അവിടെ നിന്നും എമർജൻസി വിഭാഗത്തിലേക്കു മാറ്റുകയുണ്ടായി. പിന്നെ ആ കുട്ടിയെ പറ്റി ഒന്നും തന്നെ അറിയാനായില്ല. ജീവിതത്തിലേക്ക് മടങ്ങിവന്നു എന്ന് വിശ്വസിക്കാനാണെനിക്കിഷ്ടം. അങ്ങനെ തന്നെ വിശ്വസിക്കുന്നു. തുടർന്നുള്ള ഒരുമാസത്തെ ആശുപത്രിവാസം കഴിഞ്ഞു വീട്ടിലേക്കു മടങ്ങുന്ന എന്നിൽ ജീവിതത്തെ കുറിച്ചുള്ള അതുവരെ ഉണ്ടായിരുന്ന കാഴ്ചപ്പാടുകൾ ഒക്കെ മാറിയിരുന്നു . ജീവിതത്തെ സന്തോഷകരമാക്കാൻ ശ്രമിക്കുകയായിരുന്നു പിന്നങ്ങോട്ട്. അതുവരെ പഠിച്ചതും ഭാവിജീവിതത്തെ കുറിച്ച് സ്വപ്നം കണ്ടതും, സർക്കാർ ഉദ്യോഗം നേടണം എന്ന ലക്ഷ്യവുമായി ഉറക്കമൊഴിച്ച രാത്രികളും ഒക്കെ ഞൻ കിടന്ന ആ ആശുപത്രി കിടക്കയെ ഓർത്തുകൊണ്ട് മറക്കാൻ ശ്രമിക്കുകയായിരുന്നു. ഒരുപാട് യാത്രകൾ കുട്ടികാലത്തെ ഓർമകളിൽ ഉണ്ടെങ്കിലും യാത്രയിലൂടെ ലഭിക്കുന്ന മനസിലെ കുളിർമ തിരിച്ചറിയുന്നത് ഇപ്പോഴാണ്. കാഴ്ചയ്ടെയും കേൾവിയുടെയും കൂടിച്ചേരലാണ് ഓരോ യാത്രയും ജീവിതത്തിലെ സന്തോഷം നിലനിർത്താൻ ശ്രമിക്കുന്നതാവണം നമ്മുടെ ഓരോ ആഗ്രഹങ്ങളും. നാം നേടുന്ന ജോലിയായാലും കെട്ടിപടുക്കുന്ന മനുഷ്യബന്ധങ്ങൾ ആയാലും എല്ലാം നശ്വരമായ മനുഷ്യ ജീവനെ ഒട്ടും തന്നെ വേദനിപ്പിക്കുന്നതാവരുത്. സമയം വിലപ്പെട്ടതാണ് അത് പാഴാക്കരുതെന്നു പറയുന്നത് പോലെ ജീവനും വിലപ്പെട്ടതാണ് അതും പാഴാക്കരുത്.നമുക്ക് ചുറ്റും വ്യത്യസ്ഥതരത്തിലുള്ള ജീവിതം നയിക്കുന്നവരെ നാം കണ്ടിട്ടുണ്ട്.ആരെയും അനുകരിക്കാതെ, ഉള്ള ജീവിതസാഹചര്യങ്ങളിൽ ജീവനെ പരമാവധി സന്തോഷിപ്പിക്കുന്ന കാര്യങ്ങൾ ചെയ്തുജീവിക്കുന്നതാവും ഏറ്റവും നല്ലത്. നമുക്കുചുറ്റും ഉള്ള സാഹചര്യങ്ങളും ജീവിതരീതികളും ഒക്കെ അടുത്തറിയാൻ യാത്രകൾ ഏറെ സഹായിക്കും. ഓരോ യാത്രയും ഓരോ അനുഭവങ്ങളാണ് അതിൽ സന്തോഷം ദുഃഖം ഭയപ്പെടുത്തൽ ഒക്കെ ഉണ്ടാവാം. അപകടസാധ്യതകൾ ഏറെ പതിയിരിക്കുന്ന ഒന്നു തന്നെയാണ് യാത്രകൾ. എന്നിരുന്നാലും ഓരോ യാത്രയും മനോഹരമാക്കുന്നത് നമ്മുടെ ചിന്തകളെയും അകകാഴ്ചകളെയുമാണ് അവ ഒരിക്കലും നഷ്ടപെടലുകളിൽ നിന്നുള്ള ഒളിച്ചോട്ടമാകരുത്.

Comments

Popular posts from this blog

2018 പ്രളയം

God has given us two hands: One to receive with and the other to give with.